തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുത്ത സംഭവം: ഡോക്ടർക്ക് സസ്പെൻഷൻ

961

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മൃതദേഹം വിട്ടുകൊടുത്തശേഷം തിരിച്ചെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. അസ്തിരോഗ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറും ഓര്‍ത്തോ യൂണിറ്റ് മൂന്നിന്‍റെ തലവനുമായ ഡോ. പി.ജെ ജേക്കബ്ബിനെയാണ് അന്വേഷണ വിധേയമായി സസ്പന്‍റ് ചെയ്തത്. കഴിഞ്ഞ എട്ടിന് അപകടത്തില്‍പ്പെട്ട് ചികിത്സ തേടിയ യൂസഫ് എന്നയാള്‍ പതിനൊന്നിന് മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. പോലീസ് ഇടപെട്ട് മൃതദേഹം വീണ്ടും മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വകുപ്പ് മേധാവിക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാല്‍ പിഴവ് വരുത്തിയ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ നടപടി ഉണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മൃതദേഹം വിട്ടുകൊടുത്ത സംഭവത്തിൽ പ്രിൻസിപ്പൽ റിപ്പോർട്ട് കൈമാറി. ഡി.എം.ഇക്കും ചീഫ് സെക്രട്ടറിക്കുമാണ് പ്രിൻസിപ്പൽ റിപ്പോർട്ട് കൈമാറിയത്. അപകടത്തിൽപ്പെട്ടാണ് ചികിത്സയ്ക്ക് എത്തിയത് എന്ന കാര്യം യൂസഫ് മറച്ചുവെച്ചെന്ന് ഡോക്ടറുടെ മൊഴി റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ യൂസഫിന് ബോധം നഷ്ടപ്പെട്ടിരുന്നില്ല. അപകടം മറച്ചു വച്ചതിനാൽ കേസ് ഷീറ്റിൽ മെഡിക്കൽ ലീഗൽ കേസ് എന്ന് രേഖപ്പെടുത്തിയില്ല. പിന്നീട് യൂസഫിൻ്റെ ബോധം നഷ്ടപ്പെട്ടതിനാൽ പരിക്ക് എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചറിയാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ലെന്നും അപകട മരണത്തിൻ്റെ രേഖകൾ ഇല്ലാത്തതിനാലാണ് മൃതദേഹം വിട്ടുകൊടുത്തതെന്നുമാണ് വിശദീകരണമായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശി പട്ടിശേരി വളപ്പിൽ യൂസഫിന്റെ (46) മൃതദേഹമാണ് പോസ്റ്റ്‌ മോർട്ടം നടത്താതെ വിട്ട് കൊടുത്ത് സംസ്കാര ചടങ്ങുകൾക്കിടെ വീണ്ടും തിരിച്ചെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിത്. ഇക്കഴിഞ്ഞ എട്ടിന് രാത്രി വടക്കാഞ്ചേരി കാഞ്ഞിരക്കോട് എ.എച്ച് റീജൻസിക്ക് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് യൂസഫിന് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ യൂസഫിനെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കെ ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി വീട്ടിലെത്തി മൃതദേഹ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടയിലാണ് മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘമെത്തി മൃതദേഹം തിരിച്ചെടുത്തത്.

Advertisement
Advertisement