സഹകരിച്ചില്ലെങ്കിൽ ലോക്ക് ഡൗണിലേക്ക് പോവേണ്ടി വരും: തമിഴ്നാട് ജനതയോട് സ്റ്റാലിൻ

9

തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ ജനങ്ങളോട് അഭ്യർത്ഥനയുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. കരുതലോടെയിരുന്നാൽ മാത്രമേ കോവിഡിന്റെ മൂന്നാം തരംഗത്തെ അതിജീവിക്കാൻ കഴിയൂ. ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ സംസ്ഥാനത്തിന് വീണ്ടും ലോക്ഡൗണിലേക്ക് പോകേണ്ടി വരുമെന്നും വീഡിയോ സന്ദേശത്തിലൂടെ സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
ജൂലായ് 29 മുതൽ തമിഴ്നാട്ടിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ചെറിയ തോതിലെങ്കിലും വർധനവ് വന്നിട്ടുണ്ട്. നിലവിൽ പ്രതിദിന കണക്ക് രണ്ടായിരം കടന്നിട്ടില്ല. എന്നാൽ വീണ്ടും രോഗ വ്യാപനത്തിലേക്ക് സംസ്ഥാനം കടക്കുകയാണോ എന്ന സംശയം ഉയർന്നു. ഈ ഘട്ടത്തിലാണ് ജനങ്ങളോട് അഭ്യർത്ഥനയും മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്ത് വന്നത്.
മൂന്നാം തരംഗത്തെ തടയാൻ കരുതലോടെ ഇടപെടണം. മാസ്ക് ധരിക്കാതെ ആളുകൾ പുറത്തിറങ്ങുന്നത് കാണുമ്പോൾ ദുഃഖം തോന്നുന്നു. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക, ആ സമയത്ത് രണ്ട് മാസ്ക് ധരിക്കണം. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങി കൂട്ടം കൂടിയാൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടി വരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. കേരളത്തിലും കർണാടകയിലും മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണം വർധിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.