സുരേഷ്ഗോപിയുടെ വെളിപ്പെടുത്തൽ വ്യാപകമായുണ്ടാക്കിയ സഖ്യത്തിൻ്റെ ഭാഗമെന്ന് സി.പി.എം: ജില്ലയിൽ ഗുരുവായൂരിന് പുറമെ മറ്റ് ഏതൊക്കെ മണ്ഡലങ്ങളിലാണ് സഖ്യമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന് എം.എം വർഗീസ്

11
5 / 100

ഗുരുവായൂർ മണ്‌ഡലത്തിൽ യു.ഡി.എഫ്‌ സ്‌ഥാനാർഥി ജയിക്കണമെന്ന ബി.ജെ.പി എംപിയും തൃശൂർ ബി.ജെ.പി സ്‌ഥാനാർഥിയുമായ സുരേഷ്‌ഗോപിയുടെ പ്രസ്‌താവന നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വ്യാപകമായുണ്ടാക്കിയ കോ-ലീ-ബി സഖ്യത്തിൻ്റെ ഭാഗമാണെന്ന്‌ സി.പി.എം ജില്ല സെക്രട്ടറി എം.എം വർഗ്ഗീസ്‌. തെരഞ്ഞെടുപ്പിൽ പരജയഭീതയിലായ കോൺഗ്രസും ബി.ജെ.പിയും അവിഹിത മാർ്ഗ്ഗത്തിലൂടെ ജനവിധി അട്ടിമറിക്കാനാണ്‌ ശ്രമിക്കുന്നത്‌. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കിയാണ്‌ യു.ഡി.എഫ്‌ മൽസരിച്ചത്‌. ഇപ്പോൾ ബി.ജെ.പിയുമായി കൂട്ടുകൂടാൻ തീരുമാനിച്ചതിൻ്റെ പരസ്യപ്രഖ്യാപനമാണ്‌ സുരേഷ്‌ ഗോപി നടത്തിയിരിക്കുന്നത്‌. ഗുരുവായൂരിന്‌ പുറമെ വേറെ എതെല്ലാം മണ്‌ഡലങ്ങളിലാണ്‌ വോട്ട്‌ കച്ചവടം ഉറപ്പിച്ചിരിക്കുന്നതെന്ന്‌ കോൺഗ്രസ്‌ ബി.ജെ.പി നേതൃത്വം വ്യക്തമാക്കണം. കേന്ദ്രത്തിലെ ബി.ജെ.പി സർ്ക്കാർ കൊണ്ടുവന്ന ന്യൂനപക്ഷങ്ങൾക്ക്‌ എതിരായ പൗരത്വം നിയമഭേദഗതിയെ അനൂകലിച്ചയാളാണ്‌ കെ.എൻ.എ ഖാദർ എന്നത്‌ സുരേഷ്‌ ഗോപിയുടെ പ്രസ്‌താവനയുമായി കൂട്ടിവായിക്കേണ്ടതാണ്‌.
കഴിഞ്ഞ അഞ്ച് വർഷം എൽ.ഡി.എഫ്‌ സർക്കാർ നടപ്പിലാക്കിയ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തികാട്ടിയാണ്‌ എൽ.ഡി.എഫ്‌ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്‌. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും എൽ.ഡി.എഫിൻെറ വികസനനയത്തെ അനുകൂലിക്കുന്നുണ്ട്‌. എൽ.ഡി.എഫിന്‌ അനൂകൂലമായ ജനവികാരത്തെ വർഗ്ഗീയ കൂട്ടുകെട്ടിലൂടെ അട്ടിമറിക്കാമെന്നത്‌ യു.ഡി.എഫിൻ്റെ വ്യാമോഹം മാത്രമാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർടിയുമായുള്ള അവിശുദ്ധ സഖ്യത്തെ തള്ളികളഞ്ഞതുപോലെ ഈ കോ-ലീ-ബി സഖ്യത്തെയും ജനാധിപത്യമൂല്യങ്ങളിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയുമെന്ന് എം.എം.വർഗീസ് പ്രസ്താവനയിൽ പറഞ്ഞു.