മെൽബണിൽ ഇന്ത്യയുടെ തേരോട്ടം: ഓസിസിനെതിരെ ഇന്ത്യയുടെ വിജയം എട്ട് വിക്കറ്റിന്

83

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. 1-1. രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 27ഉം ഓപണര്‍ ശുഭ്മാന്‍ ഗില്‍ 35 ഉം റണ്‍സെടുത്തു. അഞ്ചു റണ്‍സെടുത്ത മായങ്ക് അഗവര്‍വാളും മൂന്നു റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയുമാണ് പുറത്തായത്.

ആറു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് 67 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ ആയുള്ളൂ. രണ്ടാം ഇന്നിങ്സില്‍ 103.1 ഓവറില്‍ 200 റണ്‍സിന് ഓസീസ് ഓള്‍ഔട്ടായി.

നാലാം ദിനത്തില്‍ ജസ്പ്രീത് ബുംറയാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. 22 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സ് പുറത്ത്. പിന്നാലെ കാമറൂണ്‍ ഗ്രീന്‍ മുഹമ്മദ് സിറാജിനു മുമ്പില്‍ വീണു. 146 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോട് 45 റണ്‍സായിരുന്നു ഗ്രീനിന്റെ സമ്പാദ്യം. ഓസീസ് നിരയിലെ ടോപ് സ്‌കോററും ഗ്രീനാണ്. പിന്നീടെത്തിയ നഥാന്‍ ലിയോണ്‍ മൂന്നു റണ്‍സിനും ജോഷ് ഹാസല്‍വുഡ് പത്തു റണ്‍സിനും പുറത്തായി. 14 റണ്‍സെടുത്ത മൈക്കല്‍ സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റു വീഴ്ത്തി. അശ്വിന്‍, ബുംറ, ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി. രണ്ട് ഇന്നിങ്‌സിലുമായി സിറാജ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. 2013ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ അരങ്ങേറ്റ മത്സരത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.