പൾസ് ഓക്സീമീറ്ററില്ലെങ്കിൽ ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടർ; വീട്ടിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് പൾസ് ഓക്സീമീറ്റർ കിട്ടാനില്ല

106

പഴയന്നൂർ പഞ്ചായത്തിൽ വീട്ടിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗി തനിക്ക് ശ്വാസംമുട്ടൽ തോന്നുന്നതായി മേഖലയിലെ ഉത്തരവാദിത്വപ്പെട്ട ഡോക്ടറെ അറിയിച്ചപ്പോഴാണ് വീട്ടിൽ പൾസ് ഓക്സീമീറ്ററില്ലെങ്കിൽ ഒന്നും ചെയ്യാനില്ലെന്ന് അറിയിച്ചത്. ഇത്തരം സന്ദർഭങ്ങളിൽ രോഗി എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ നിർദ്ദേശം നൽകാൻ ഇദ്ദേഹത്തിനായില്ല. പിന്നീട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ് കാര്യങ്ങൾ വിളിച്ചന്വേഷിക്കുകയും കൃത്യമായ വിവരങ്ങൾ നൽകുകയും ചെയ്തത്. ഭയക്കേണ്ടതില്ലെന്നും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അറിയിക്കണമെന്നും അവർ അറിയിച്ചു. സമാനമാണ് വീട്ടിൽ ചികിത്സയിൽ കഴിയുന്ന മറ്റ് രോഗികളുടേയും അവസ്ഥ. രോഗികളുടെ പൾസും ഓക്സിജൻ അളവും അറിയുന്ന പൾസ് ഓക്സീമീറ്റർ കിട്ടാനില്ല. തന്മൂലം രോഗികളിളുടെ അപകടാവസ്ഥ തിരിച്ചറിയാനാവുന്നില്ല. മെഡിക്കൽ സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റുകളിലും 700 രൂപ മുതൽ1000 രൂപക്ക് വരെ കിട്ടിയിരുന്ന പൾസ് ഓക്സീമീറ്ററിന് 2000 രൂപക്കാണ് അവസാനം ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതിവില കൊടുത്താലും പൾസ് ഓക്സീമീറ്റർ ലഭ്യമല്ല.