ഹരീഷിൻ്റെ ധീരതയിൽ ഗായത്രി പുഴയിൽ മുങ്ങിത്താണ മൂന്ന് ജീവനുകൾക്ക് പുനർജന്മം

387

പുഴയിൽ മുങ്ങിത്താണ് പ്രാണന് വേണ്ടി പിടഞ്ഞ മൂന്ന് പേരെ ജീവൻ പണയപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന് ഹരീഷ്.

Advertisement

ഗായത്രി പുഴയുടെ തീരത്തെ  തിരുവില്വാമല കണിയാർക്കോട് പാറക്കടവ് പമ്പ് ഹൗസിലെ താല്ക്കാലിക ജീവനക്കാരനായ കൊണ്ടാഴി പുളിക്കൽപ്പടി ഹരിദാസന്റെ മകൻ  ഹരീഷ് പതിവ് പോലെ

ജോലിക്കെത്തിയതായിരുന്നു. കറന്റില്ലാത്തതിനാൽ മോട്ടോർ പ്രവർത്തിപ്പിക്കാനായില്ല. അപ്പോഴാണ്

പുഴയിൽ നിന്നും കുളിക്കാനെത്തിയ  സ്ത്രീകളുടെ നിലവിളി കേൾക്കുന്നത്. ഓടിച്ചെന്നപ്പോൾ രണ്ട് ആൺകുട്ടികൾ മുങ്ങി താഴുന്നതാണ് കണ്ടത്. പിന്നെയൊന്നും ആലോചിക്കാൻ സമയമുണ്ടായിരുന്നില്ല. പുഴയിലേക്ക് ചാടി ആദ്യത്തെ കുട്ടിയെ ഒരു വിധം  കരയിലെത്തിച്ചതും രണ്ടാമൻ താണുപോയിരുന്നു. വീണ്ടും ചാടി മുങ്ങിപ്പോയ രണ്ടാമന്റെ കൈയിൽ പിടിത്തംകിട്ടി. കരയിലെത്തിച്ചപ്പോളാണറിയുന്നത് ഒരു പെൺകുട്ടിയും ഉണ്ടായിരുന്നുവെന്ന്. അപ്പോഴാണ് രണ്ടാമത് കരയിലടുപ്പിച്ച കുട്ടിയെ കരയിലേക്ക് കയറ്റുന്നതിനിടയിൽ കൂട്ടിപിടിച്ച കൈയിൽ മുടിയിഴകൾ കണ്ടത്.  വെള്ളത്തിൽ തപ്പിയപ്പോഴാണ് മാണിയങ്ങാട്ട് ശങ്കരന്റെ മകൾ പ്രമീളയെ (30) അബോധാവസ്ഥയിൽ വെള്ളത്തിനടിയിൽ കണ്ടത്. പ്രമീളയും ബന്ധുക്കളായ സഞ്ജയ് രാജ് (14), ജിഷ്ണു (12) എന്നിവരും കൂടി ശനിയാഴ്ച്ച രാവിലെ പത്തരയോടെയാണ് പുഴയിൽ കുളിക്കാനിറങ്ങിയത്.സാധാരണ ഇവർ പുഴയിൽ കുളിക്കാറില്ല. കനാലിൽ ആണ് കുളിച്ചിരുന്നത്. കറന്റ്  ഇല്ലാത്തതിനാൽ കനാലിൽ വെള്ളമെത്താതിരുന്നതിനാലാണ് പുഴയിലിറങ്ങിയത്. കുളിക്കുന്നതിനിടയിൽ പ്രമീള അബദ്ധത്തിൽ പുഴയിലെ നിലയില്ലാത്ത ഭാഗത്തേക്ക് വീണു. പ്രമീളയെ രക്ഷിക്കാനാണ് ബന്ധുക്കളായ കുട്ടികൾ ചാടിയത്. അവർക്കും നീന്തൽ വശമുണ്ടായിരുന്നില്ല. കരക്കെത്തിച്ച 

ആൺകുട്ടികൾ കുറച്ചു കഴിഞ്ഞപ്പോൾ സാധാരണ നിലയിലെത്തി. എന്നാൽ പ്രമീളയെ സ്വബോധത്തിലേക്കെത്തിക്കാനായില്ല. ഹരീഷ് ഫോൺ വിളിച്ചറിയിച്ചതിനേ തുടർന്നെത്തിയ നാട്ടുകാർ പ്രമീളയെ ആദ്യം തിരുവില്വാമല ഗവ. ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.  പ്രമീള അപകടനില തരണം ചെയ്തു.

നടന്നതെല്ലാം ഭീതിയോടയാണ് ഹരീഷ് ഓർത്തെടുത്തതെങ്കിലും അപകട സമയത്ത് മനസ്സിൽ പുഴയിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കണമെന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. നന്നായി നീന്തൽ അറിയാമായിരുന്നതും തുണയായി.

Advertisement